ആതിരനിലാവില്‍...

ജാലകം

Monday, October 4, 2010

എനിക്ക് ഇഷ്ടമുള്ള വേഷം ധരിക്കാമോ?

സോറി. ലാസ്റ്റ് പോസ്റ്റ് ജൂലായിലായിരുന്നു. ഇത്രയും വൈകിയതിന് സോറി.

ഇത്തവണ ഞാനെഴുതുന്നത് മതത്തെക്കറിച്ചാണ്, സോറി, മതങ്ങളെക്കുറിച്ചാണ്.
റെയാന എന്ന കാസര്‍കോട്ടുകാരി ചേച്ചി ഇപ്പോള്‍ പ്രശ്നത്തിലാണ് എന്ന് അറിയാമല്ലോ. എന്താണ് പ്രശ്നം എന്നല്ലേ? പര്‍ദ ധരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട് ചേച്ചിയെ പര്‍ദ ധരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മതത്തെ കാത്തുസൂക്ഷിക്കുന്നവര്‍ എന്ന് സ്വയം പറയുന്നവര്‍ ഭീഷണിപ്പെടുത്തുന്നു. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ 'അവര്‍ പറയുന്നതു പോലെ അനുസരിച്ചാല്‍ പോരേ, എന്തിനാ വെറുതെ പൊല്ലാപ്പിനു നില്‍ക്കുന്നത്' എന്ന് ഒരു പോലീസ്കാരന്‍ ചോദിച്ചത്രെ. ഇപ്പോള്‍ പോലീസിന്‍റെ സംരക്ഷണത്തിലാണെങ്കിലും ഫോണ്‍ വഴിയും കത്തുവഴിയും ഭീഷണി ചേച്ചിയെ പിന്‍തുടരുന്നു.

ഇത് ഒരു മതത്തിന്‍റെ മാത്രം കാര്യമല്ല. എല്ലാ മതങ്ങളിലും ഉണ്ട് ഇത്തരം അനാവശ്യ നിര്‍ബന്ധബുദ്ധികള്‍. സിന്ദൂരക്കുറിയോ ചന്ദനക്കുറിയോ ഒക്കെ തൊട്ട് സ്വന്തം മതം ഏതാണെന്ന് വെളിപ്പെടുത്തി വേണം നടക്കാന്‍ എന്ന് പറയുന്നത് ശരിയാണോ?

'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നാണ് ഞങ്ങളെ പഠിപ്പിച്ചത്.. 'ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന്' എന്നും.. ഈ പാഠം ഞങ്ങള്‍ പഠിച്ചു.അതുകൊണ്ട് ഞങ്ങളോട് (ഞാന്‍, സജ്ന, ആര്യ) ജാതി ചോദിച്ചാല്‍ ഉടനടി ഉത്തരം 'എല്ലാ ജാതിയിലും പെടും' എന്നോ 'മനുഷ്യജാതി' എന്നോ പറയാന്‍ പറ്റുന്നത്. കുട്ടികളായ ഞങ്ങള്‍ പഠിച്ച ഈ പാഠം എന്നായിരിക്കും മുതിര്‍ന്നവര്‍ പഠിക്കുക?

ഇന്ത്യ ,സ്വാതന്ത്ര്യത്തിലേക്ക് 1947ല്‍ കാല്‍ വച്ചു എന്ന് പറഞ്ഞാല്‍, ഞാന്‍ അത് ഇപ്പോഴും നിഷേധിക്കുകയേ ഉള്ളൂ. കാരണം, അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കാതെ മതത്തിന്‍റെ പേരും പറഞ്ഞ് മനുഷ്യനെ വേട്ടയാടുകയാണ് ഇന്നും. ഇതില്‍നിന്ന് മോചനം ലഭിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചു എന്ന് നമുക്ക് അഭിമാനത്തോടെ പറയാനാവുകയുള്ളൂ.