ആതിരനിലാവില്‍...

ജാലകം

Monday, October 4, 2010

എനിക്ക് ഇഷ്ടമുള്ള വേഷം ധരിക്കാമോ?

സോറി. ലാസ്റ്റ് പോസ്റ്റ് ജൂലായിലായിരുന്നു. ഇത്രയും വൈകിയതിന് സോറി.

ഇത്തവണ ഞാനെഴുതുന്നത് മതത്തെക്കറിച്ചാണ്, സോറി, മതങ്ങളെക്കുറിച്ചാണ്.
റെയാന എന്ന കാസര്‍കോട്ടുകാരി ചേച്ചി ഇപ്പോള്‍ പ്രശ്നത്തിലാണ് എന്ന് അറിയാമല്ലോ. എന്താണ് പ്രശ്നം എന്നല്ലേ? പര്‍ദ ധരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട് ചേച്ചിയെ പര്‍ദ ധരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മതത്തെ കാത്തുസൂക്ഷിക്കുന്നവര്‍ എന്ന് സ്വയം പറയുന്നവര്‍ ഭീഷണിപ്പെടുത്തുന്നു. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ 'അവര്‍ പറയുന്നതു പോലെ അനുസരിച്ചാല്‍ പോരേ, എന്തിനാ വെറുതെ പൊല്ലാപ്പിനു നില്‍ക്കുന്നത്' എന്ന് ഒരു പോലീസ്കാരന്‍ ചോദിച്ചത്രെ. ഇപ്പോള്‍ പോലീസിന്‍റെ സംരക്ഷണത്തിലാണെങ്കിലും ഫോണ്‍ വഴിയും കത്തുവഴിയും ഭീഷണി ചേച്ചിയെ പിന്‍തുടരുന്നു.

ഇത് ഒരു മതത്തിന്‍റെ മാത്രം കാര്യമല്ല. എല്ലാ മതങ്ങളിലും ഉണ്ട് ഇത്തരം അനാവശ്യ നിര്‍ബന്ധബുദ്ധികള്‍. സിന്ദൂരക്കുറിയോ ചന്ദനക്കുറിയോ ഒക്കെ തൊട്ട് സ്വന്തം മതം ഏതാണെന്ന് വെളിപ്പെടുത്തി വേണം നടക്കാന്‍ എന്ന് പറയുന്നത് ശരിയാണോ?

'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നാണ് ഞങ്ങളെ പഠിപ്പിച്ചത്.. 'ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന്' എന്നും.. ഈ പാഠം ഞങ്ങള്‍ പഠിച്ചു.അതുകൊണ്ട് ഞങ്ങളോട് (ഞാന്‍, സജ്ന, ആര്യ) ജാതി ചോദിച്ചാല്‍ ഉടനടി ഉത്തരം 'എല്ലാ ജാതിയിലും പെടും' എന്നോ 'മനുഷ്യജാതി' എന്നോ പറയാന്‍ പറ്റുന്നത്. കുട്ടികളായ ഞങ്ങള്‍ പഠിച്ച ഈ പാഠം എന്നായിരിക്കും മുതിര്‍ന്നവര്‍ പഠിക്കുക?

ഇന്ത്യ ,സ്വാതന്ത്ര്യത്തിലേക്ക് 1947ല്‍ കാല്‍ വച്ചു എന്ന് പറഞ്ഞാല്‍, ഞാന്‍ അത് ഇപ്പോഴും നിഷേധിക്കുകയേ ഉള്ളൂ. കാരണം, അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കാതെ മതത്തിന്‍റെ പേരും പറഞ്ഞ് മനുഷ്യനെ വേട്ടയാടുകയാണ് ഇന്നും. ഇതില്‍നിന്ന് മോചനം ലഭിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചു എന്ന് നമുക്ക് അഭിമാനത്തോടെ പറയാനാവുകയുള്ളൂ.

Thursday, July 22, 2010

അമ്മക്കെന്താ സൈക്കിൾ ചവിട്ടിക്കൂടേ?

അതേയ്.. ഞാനും അമ്മയും കൂടി ഒരു ദിവസം സൈക്കിളിൽ വരുമ്പോ എന്റെ സ്കൂളില് പഠിക്കണ ഒരു ചേട്ടൻ അവടെ ഒരു കടേല് നിൽക്കുന്നുണ്ടാർന്നു. ഞാൻ വളവു തിരിഞ്ഞപ്പോ ആ ചേട്ടൻ (ഫസൽ ചേട്ടൻ)എന്നോട് ‘ബ്രേക്ക് ഉണ്ടോടീ’ എന്ന് ചോദിച്ചു. ഞാൻ, ‘ആ ഉണ്ട്’ എന്നു പറയുമ്പോളാണ് അമ്മ വളവു തിരിഞ്ഞു വന്നത്. അപ്പോ ഫസൽ ചേട്ടൻ,‘അള്ളോ!ദേ, അടുത്തത് ‘ എന്ന്..... ഞാൻ പറഞ്ഞു അതെന്റെ അമ്മയാ ന്ന്..

പിറ്റേ ദിവസം സ്കൂളിൽ ചെന്നപ്പോ ഫസൽ ചേട്ടൻ ചോദിക്കുവാ ‘നിന്റെ പിറകിൽ ഉണ്ടായിരുന്നത് ആരായിരുന്നൂ’ ന്ന്.. ഞാൻ പറഞ്ഞു അമ്മയാ ന്ന്.. അപ്പോ ഫസൽചേട്ടന്റെ കൂട്ടുകാരൻ പറയുകയാ “ഇവളുടെ അമ്മ സൈക്കിൾ ഓടിക്കുന്നൂന്നോ..!! വെല്ല പെപ്പും ഓടിക്കാൻ പറ പെണ്ണേ” ന്ന്..

അല്ല. ഇവടെ അമ്മമാർക്ക് സൈക്കിൾ ചവിട്ടിക്കൂടേ? പെപ്പ് മാത്രേ ഉപയോഗിക്കാൻ പാടുള്ളൂ? ഇത് നല്ല കൂത്ത് !!!

Monday, July 5, 2010

അവരും മനുഷ്യരല്ലേ...?

ഞാന്‍ വെക്കേഷനില്‍ നാട്ടില്‍ പോയിരുന്നു... (കര്‍ണാടകയില്‍)..

ഒന്നര മാസം ഞാന്‍ അപ്പേനേം അമ്മേനേം വിട്ട് (അച്ചൂനേം) നാട്ടില്‍ താമസിച്ചു. അടിച്ചു പൊളിച്ചു. അച്ചു ഇല്ല്യാത്തേന്റെ കുറവ് ണ്ടാര്‍ന്നൂട്ടോ.. ഒന്നര മാസം കഴിഞ്ഞപ്പോ അമ്മേം അപ്പേം വന്നു, അച്ചൂം.

അവര്‍ വന്ന അന്ന് മാംഗ്ലൂരില്‍ വിമാനം ക്രാഷായി. അത് ഞങ്ങള്‍ എല്ലാരും ന്യൂസില്‍ കാണുകയായിരുന്നു. അപ്പോള്‍ ദൊഡ്ഡപ്പ പറയുകയാണ് ‘എല്ലാവരും മുസ്ലീങ്ങളാണ്’ ന്ന്. ‘അവര്‍ കുറേ ബോംബൊക്കെ ഇട്ടതല്ലേ, എല്ലാരും ചത്തോട്ടേ’ ന്ന്. എനിക്ക് അത് കേട്ടപ്പോള്‍ കരച്ചില്‍ വന്നു. അപ്പോള്‍ തന്നെ ദൊഡ്ഡപ്പയോട് ചോദിക്കണമെന്ന് വിചാരിച്ചതാണ്, ‘എന്താ അവരൊന്നും മനുഷ്യരല്ലേ’ന്ന്. പക്ഷേ, ചോദിച്ചാല്‍ ആള് എന്റടുത്ത് ചൂടാവും, അതോണ്ട് ചോദിച്ചില്ല. സ്വകാര്യത്തില്‍ ഞാന്‍ അമ്മയോട് ചോദിച്ചു ‘എന്താ അമ്മേ, അവരും മനുഷ്യരല്ലേ അമ്മേ’ ന്ന്.

(നമ്മുടെ ബന്ധുക്കള്‍ ആരെങ്കിലും അതില്‍ ഉണ്ടായിരുന്നെങ്കിലോ, സ്ഥിതി മാറി ‘അയ്യോ ആ വിമാനം ക്രാഷാവണ്ടായിരുന്നു’ എന്നു പറയും. ഇത് വേറെ ആരോ ആയോണ്ടല്ലേ ദൊഡ്ഡപ്പ ഇങ്ങനെ പറഞ്ഞത്? ങ്ഹും)

അവരും മനുഷ്യരന്ന്യാ....

Tuesday, March 30, 2010

എന്റെ സിനിമ !!!!

ഞങ്ങള്‍ക്ക് ഒരു സിനിമാ ക്യാമ്പ് ഉണ്ടായിരുന്നു കഴിഞ്ഞ മാസം.. ഞങ്ങള്‍ എന്നു വച്ചാല്‍ ഇരിങ്ങാലക്കുടയിലെ പല പല സ്കൂളുകളിലെ കുട്ടികള്‍... ഭരതന്‍ മാഷ്,വിവേകേട്ടന്‍ (ഭരതന്‍ മാഷടെ മോന്‍) പിന്നെ വേറെ ഒരു സാര്‍ ഇവരൊക്കെ ക്ലാസ് എടുത്തു.. ആ..മറന്നു, നിതിനേട്ടന്‍ വന്ന് ഡോക്യുമെന്ററിയെക്കുറിച്ച് പറഞ്ഞു.. അഞ്ചു ദിവസത്തെ ക്യാമ്പ് ആയിരുന്നു.. അതില്‍ ഞങ്ങള്‍ തന്നെ കഥ ഒക്കെ എഴുതിയുണ്ടാക്കി.. ഞാന്‍ എഴുതിയ പ്ലോട്ട് ആണ് സിനിമക്ക് എടുത്തത്..കുറച്ച് മാറ്റം വരുത്തീട്ടോ.. എന്നിട്ട് അത് സിനിമയാക്കി.. 7-8 മിനിറ്റേഉള്ളൂ.. ഞാനാ അതിലെ നായിക.. അത് അമ്മ ഓര്‍ക്കൂട്ടില്‍ കേറ്റി.. അപ്പോ സുധീര്‍മാഷ് പറഞ്ഞു എന്റെ ബ്ലോഗില്‍ ഇടണം ന്ന്...
അതോണ്ട് ദാ ഇവിടെ ഇടുന്നു... കണ്ടിട്ട് അഭിപ്രായം പറയണം ട്ടോ...







Monday, March 29, 2010

ആനക്കാരന്‍

ഞാന്‍ ആനക്കാരന്‍ എന്ന പുസ്തകം വായിച്ചു. കാരൂര്‍ നീലകണ്ഠപ്പിള്ളയാണ് ഇതെഴുതിയത്.
ജയപുരം രാജ്യത്ത് നടക്കുന്ന കഥയായിട്ടാണ് എഴുതിയിരിക്കുന്നത്. ഒരാന-രാമഭദ്രന്‍, പിന്നെ പാപ്പാന്‍ കോമന്‍, അയാളുടെ മരുമകന്‍ ചാത്തു, രാജാവ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍.
പിന്നെ ആനയും കോമനും പരസ്പരം നല്ലോണം സ്നേഹിച്ചിരുന്നു. കോമന് ആനയെ മകനെപ്പോലെയായിരുന്നു. രാജാവ് എന്നും കണികാണുന്നത് രാമഭദ്രനെയാണ്. നാട്ടുകാര്‍ക്കും രാമഭദ്രനെ ഇഷ്ടമായിരുന്നു. ഒരു ദിവസം രാമഭദ്രന്‍ കോമനെ അനുസരിക്കാതെ ഓടിപ്പോയി. രാജാവ് ആനയെ പിടിച്ചുകൊണ്ടുവരാന്‍ ഉത്തരവിറക്കി. കോമനും കൂട്ടരും ആന പോയ വഴി പിന്തുടര്‍ന്ന് കാട്ടിലേക്ക് പോയി. ആനാ കോമനെ ചതച്ചരച്ചു. ചാത്തു പഴയ ഗ്രന്ഥങ്ങള്‍ എടുത്തു പഠിച്ചു. നാലു വര്‍ഷം കഴിഞ്ഞ് ചാത്തു ആനയെ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോയി. ചാത്തു ആനയെ അനുസരിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു. ആളുകള്‍ ചാത്തുവിന് സമ്മാനങ്ങള്‍ നല്‍കി. ആനക്ക് കഴിക്കാന്‍ ശര്‍ക്കരയും പഴവും കൊടുത്തു. രാജാവ് ചാത്തുവിനെ കെട്ടിപ്പിടിച്ച് ആ ആനയേയും ധാരാളം പണവും അവന് സമ്മാനമായി കൊടുത്തു.
ഇതാണ് ഞാന്‍ വായിച്ച ‘ആനക്കാരന്‍’ എന്ന പുസ്തകത്തിലെ കഥയുടെ ആ‍ശയം.

ഞാനിത് ശരിക്കും ആസ്വദിച്ചു. കോമനെ ആന കൊന്നത് വായിച്ചപ്പോ എനിക്ക് സങ്കടമായി. ചാത്തു ആനയെ തളച്ച് തിരിച്ച് കൊണ്ടുവന്നപ്പോള്‍ എനിക്ക് എന്ത് സന്തോഷമായെന്നോ?

‘ആനക്കാരന്‍’ ശരിക്കും എനിക്കിഷ്ടപ്പെട്ട ഒരു പുസ്തകമാണ്.

Saturday, March 27, 2010

വലിയ സമ്മാനം

സമയം ഒമ്പത് കഴിഞ്ഞു. മുതിര്‍ന്നവരെല്ലാം അത്താഴത്തിന്റെ തിരക്കിലാണ്. ഞങ്ങള്‍ കുട്ടികള്‍ റൂമിലിരുന്ന് വര്‍ത്തമാനം പറയുകയാണ്. നാളെ ക്രിസ്മസ് അല്ലേ, കിട്ടാന്‍ പോകുന്ന സമ്മാനത്തെ പറ്റി ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അമ്മ കഴിക്കാന്‍ വിളിച്ചു. അത്താഴം കഴിഞ്ഞു കിടന്നു. ഉറക്കം വന്നില്ല. ഓരോന്ന് ആലോചിച്ച് ഇരുന്നു. അപ്പോള്‍ ഞാന്‍ മണികളുടെ ശബ്ദം കേട്ടു. എനിക്ക് മനസിലായി അത് സാന്താക്ലോസ് ആണെന്ന്. പിന്നെ എന്തൊക്കെയോ വീഴുന്ന ശബ്ദവും കേട്ടു. അത് സമ്മാനമാണെന്ന് മനസിലായി. എനിക്ക് കിട്ടാന്‍ പോകുന്ന സമ്മാനത്തെ കുറിച്ച് ഞാന്‍ ഓര്‍ത്തിരുന്നു. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ അലാറം അടിച്ചപ്പോഴാണ്‌ ഉണര്‍ന്നത്. നോക്കിയപ്പോള്‍ എല്ലാവരും ഉണര്‍ന്ന് ഹാളില്‍ എത്തിയിട്ടുണ്ട്. സമ്മാനപ്പൊതികള്‍ കണ്ട് അവര്‍ അമ്പരന്നു നില്‍ക്കുകയാണ്. ചിന്നൂം ചിമ്മൂം ഒക്കെ ഓടിവന്ന് പെട്ടികള്‍ എടുത്തു പേര് വായിച്ചു വിതരണം തുടങ്ങിക്കഴിഞ്ഞു. ഞാന്‍ എന്റെ പെട്ടി നോക്കി, കാണാനില്ല. അവിടെ ഒരു ലെറ്റര്‍.. ഞാന്‍ അത് പൊട്ടിച്ചു വായിച്ചു. ആ കത്ത് എനിക്കുള്ളതായിരുന്നു. അതില്‍ രാത്രി ചുവരില്‍ കാണുന്ന നീല വെളിച്ചത്തിലൂടെ കടക്കാന്‍ പറഞ്ഞിരുന്നു. എനിക്ക് ചിരി വന്നു. ചുവരില്‍ കൂടി കടക്കുകയോ? എന്തായാലും രാത്രി ഞാന്‍ ചുവരില്‍ നോക്കിയപ്പോള്‍ അതാ ഒരു നീല വെളിച്ചം..അതിന്റെ അടുത്ത് ചെന്നപ്പോള്‍ അത് ഒരു വഴി പോലെ ആയി. ഞാന്‍ അതിലൂടെ ചുവരിന് അപ്പുറത്തേക്ക് കടന്നു. ഞാന്‍ മറൊരു ലോകത്തേക്ക് എത്തി. അവിടെയുള്ള ആളുകള്‍ എന്നെ ഒരു വീടിന്റെ മുമ്പിലാക്കി. ഞാന്‍ ആ വീടിന്റെ ഉള്ളില്‍ കയറി. അവിടെ മുടിയും താടിയും പുരികവും മീശയും ഒക്കെ നരച്ച് ചുവന്ന കുപ്പായം ഇട്ട ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. എനിക്ക് പെട്ടെന്ന് മനസിലായി അത് സാന്താക്ലോസ് ആണെന്ന്. അദ്ദേഹം എനിക്കൊരു പെട്ടി തന്നു. അത് വീട്ടിലെത്തിയിട്ടെ തുറക്കാവൂ എന്നും പറഞ്ഞു. ഞാന്‍ വന്ന വഴിയെ തിരിച്ചു വീട്ടിലെത്തി, പെട്ടി തുറന്നപ്പോള്‍ അതില്‍ ഒരു അലമാരി.. അലമാരി തുറന്നപ്പോള്‍ ഞാന്‍ നേരത്തെ പോയ അത്ഭുത ലോകം...എനിക്ക് മനസിലായി ഈ അലമാരിയിലൂടെ എപ്പോള്‍ വേണമെങ്കിലും ആ ലോകത്തേക്ക് പോകാമെന്ന്... അതില്‍ സാന്താക്ലോസിന്റെ ഒരു കത്തും ഉണ്ടായിരുന്നു. '' ഇതാണ് ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം''....................

Tuesday, March 16, 2010

പാപ്പുവിന്റെ ലോകം

ഹായ്.. ഞാന്‍ ആതിര ..പാപ്പു എന്ന് വിളിക്കും.. നിങ്ങളും അങ്ങനെ വിളിക്കുന്നതാണ് എനിക്കിഷ്ടം.. ഞങ്ങള്‍ അഞ്ചു പേര്‍ ക്ലാസില്‍ നല്ല ചങ്ങാതിമാരാണ്.. ഞാന്‍, ആര്യ, സജന,ശ്രീദേവി,ശ്രീലക്ഷ്മി... ഞാന്‍ കഥയും കവിതയും ചെറുതായിട്ട് എഴുതാന്‍ ശ്രമിക്കും.. അതിവിടെ ഇടാം..തെറ്റുകള്‍ ഉണ്ടെങ്കില്‍ പറയണം.. പിന്നെ ഞാന്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചെറിയ കുറിപ്പുകളും ഇവിടെ ഇടാം..

എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും എന്റെ ബ്ലോഗിലേക്ക് സ്വാഗതം..